Saturday, May 14, 2005

അഹിച്ഛത്രം

എന്റെ ഇതുവരെ കണ്ടിട്ടില്ലാത്ത സുഹൃത്തും പെരിങ്ങോടന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നവനുമായ രാജ്‌ നായര്‍ എഴുതിയ അഹിച്ഛത്രത്തിലെ യോദ്ധാവു്‌ എന്ന മനോഹരമായ കഥ വായിച്ചപ്പോള്‍ "അഹിച്ഛത്രം" എന്ന പ്രയോഗം ശരിയാണോ എന്നൊരു സംശയം തോന്നി. അതു ചോദിക്കുകയും ചെയ്തു. പിന്നീടാണു്‌ സംശയം അസ്ഥാനത്താണെന്നു മനസ്സിലായതു്‌. വൃക്ഷച്ഛായ, തരുച്ഛായ, ആച്ഛാദനം തുടങ്ങിയ പല പ്രയോഗങ്ങളും ഓര്‍മ്മ വന്നു. കൂടാതെ ശാര്‍ദ്ദൂലവിക്രീഡിതത്തിലുള്ള ഈ രണ്ടു ശ്ലോകഭാഗങ്ങളും 'ഛ'യ്ക്കു സന്ധിയില്‍ ദ്വിത്വമുണ്ടെന്നു വെളിവാക്കി.
  1. ശല്യം ഷഡ്ഭിരഥേഷുഭിസ്ത്രിഭിരപി ച്ഛത്രം ധ്വജം കാര്‍മുകം... (ഭാസ്കരാചാര്യരുടെ ലീലാവതിയില്‍ നിന്നു്‌. Quadratic equation ഉപയോഗിച്ചു ചെയ്യേണ്ട ഒരു പ്രശ്നം.)
  2. ന ച്ഛത്രം ന തുരംഗമം... (കാക്കശ്ശേരി ഭട്ടതിരിയുടെ ഒരു പ്രസിദ്ധശ്ലോകം.)
ഇതെങ്ങനെ എന്നു ശങ്കിച്ചു സംസ്കൃതവ്യാകരണനിയമങ്ങള്‍ പരതിയപ്പോഴാണു കാര്യം പിടികിട്ടിയതു്‌. "ഛകാരസന്ധി" എന്നൊരു പ്രത്യേകനിയമം തന്നെയുണ്ടു്‌. ഇതാണു്‌ ആ നിയമം (പാണിനിയുടെ അഷ്ടാധ്യായിയില്‍ നിന്നു്‌):
  1. ഛേ ച (ഹ്രസ്വസ്യ, തുക്‌, സംഹിതായാം)[6-1-73] : ഹ്രസ്വസ്വരത്തിനു ശേഷം ഛകാരത്തിനുമുമ്പു്‌ തകാരം ആഗമിക്കുന്നു. ഈ നിയമമനുസരിച്ചു്‌ അഹി + ഛത്രം = അഹി + ത്‌ + ഛത്രം ആകുന്നു.
  2. സ്തോഃ ശ്ചുനാ ശ്ചുഃ[8-4-40] : 'ശ'കാരമോ 'ത'വര്‍ഗ്ഗമോ പിന്‍വന്നാല്‍ സ, ത, ഥ, ദ, ധ, ന എന്നിവയ്ക്കു യഥാക്രമം ശ, ച, ഛ, ജ, ഝ, ഞ എന്നിവ ആദേശം. അങ്ങനെ ത്‌ + ഛത്രം = ച്‌ + ഛത്രം ആകുന്നു.
ഇങ്ങനെയാണു്‌ അഹി + ഛത്രം = അഹിച്ഛത്രം ആകുന്നതു്‌. തരുച്ഛായയും വൃക്ഷച്ഛായയും ഇതുപോലെ തന്നെ. ദീര്‍ഘസ്വരമാണെങ്കില്‍ തകാരാഗമം വേണമെന്നില്ല. ലതാ + ഛായ ചേരുമ്പോള്‍ ലതാഛായയോ ലതാച്ഛായയോ ആകാം. ആ + ഛാദനം = ആച്ഛാദനം ആകുന്നതു്‌ ആങ്മാങോശ്ച (ഛേ, തുക്‌) [6-1-74] എന്ന പാണിനീസൂത്രമനുസരിച്ചാണു്‌. ഇതനുസരിച്ചു്‌ 'ആ', 'മാ' എന്നിവയ്ക്കു ശേഷം ഛകാരത്തിനുമുമ്പു്‌ തകാരാഗമം വരും. ശേഷം മുന്‍പറഞ്ഞതുപോലെ തന്നെ. ചുരുക്കിപ്പറഞ്ഞാല്‍, 'അഹിച്ഛത്രം' ശരിയാണു്‌. പെരിങ്ങോടനും.

Friday, May 13, 2005

മാര്‍ദ്ദവവും ഹാര്‍ദ്ദവവും

മൃദു എന്ന വിശേഷണത്തിന്റെ ഭാവം പ്രകടിപ്പിക്കുന്ന തദ്ധിതത്തെ 'അണ്‌' പ്രത്യയം ചേര്‍ത്തുണ്ടാക്കുന്നതുകൊണ്ടു്‌ (ഇഗന്താച്ച ലഘുപൂര്‍വാത്‌ (അണ്‌) എന്നു പാണിനി (5-1-13).) മാര്‍ദവം എന്ന വാക്കുണ്ടാകുന്നു. ഇവിടെ രണ്ടു കാര്യങ്ങള്‍ സംഭവിക്കുന്നുണ്ടു്‌:

  1. പദാദിയിലുള്ള ''കാരം 'ആര്‍' ആയി മാറും. (പൂര്‍ണ്ണമായി പറഞ്ഞാല്‍ അ, ഇ, ഉ, ഋ, ഌ എന്നിവ യഥാക്രമം ആ, ഐ, ഔ, ആര്‌, ആല്‌ എന്നു മാറും. ഉദാഹരണങ്ങള്‍ : കവി - കാവ്യം, വിധവ - വൈധവ്യം, ഗുരു - ഗൌരവം, ഋജു - ആര്‍ജ്ജവം.) അങ്ങനെ 'മൃ' എന്നതു്‌ 'മാര്‍' ആകുന്നു.
  2. പദാന്ത്യത്തിലുള്ള ''കാരം 'അവം' ആയി മാറും. (മറ്റുദാഹരണങ്ങള്‍ : ലഘു - ലാഘവം, ഗുരു - ഗൌരവം, ഋജു - ആര്‍ജ്ജവം, പടു - പാടവം.). അങ്ങനെ 'ദു' എന്നതു്‌ 'ദവം" ആകുന്നു.
ഇങ്ങനെയാണു 'മൃദു'വില്‍ നിന്നു 'മാര്‍ദവം' ഉണ്ടാകുന്നതു്‌. 'അചോ രഹാഭ്യാം ദ്വേ (യരഃ)' എന്ന പാണിനീയസൂത്രപ്രകാരം (8-4-6) ഇതിനെ ഉച്ചരിക്കുന്നതു്‌ മാര്‍ദ്ദവം എന്നാണു്‌. എഴുതുമ്പോള്‍ സാധാരണയായി സംസ്കൃതത്തില്‍ മാര്‍ദവം എന്നു മലയാളത്തില്‍ മാര്‍ദ്ദവം എന്നും എഴുതുന്നു. രണ്ടും ശരിതന്നെ.

ഇതിനെപ്പിന്തുടര്‍ന്നു്‌ 'ഹാര്‍ദ്ദവം' എന്നൊരു വികലപ്രയോഗം പ്രചാരത്തിലുണ്ടു്‌. (സ്വാഗതപ്രസംഗകരാണു്‌ ഇതിന്റെ മുഖ്യപ്രചാരകര്‍. "ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തുകൊള്ളുന്നു..." എന്നു സ്ഥിരം കേള്‍ക്കാറുണ്ടു്‌.)

'ഹൃദ്‌' എന്നതില്‍ നിന്നു്‌ ഉണ്ടാകുന്ന വാക്കായതിനാല്‍ (സൂക്ഷ്മമായിപ്പറഞ്ഞാല്‍ 'ഹൃദയ'ശബ്ദത്തില്‍ നിന്നാണു്‌ ഇതിന്റെ ഉത്പത്തി. 'അണ്‌' പ്രത്യയം ചേരുമ്പോള്‍ ഹൃദയസ്യ ഹൃല്ലേഖയദണ്‌ ലാസേഷു എന്ന പാണിനീയസൂത്രമനുസരിച്ചു്‌ (6-3-50) 'ഹൃദയ'ശബ്ദം 'ഹൃദ്‌' ആയതാണു്‌.) ഹാര്‍ദ്ദം എന്നേ വരൂ. ഹാര്‍ദവം എന്നു വരണമെങ്കില്‍ ഹൃദു എന്ന വാക്കില്‍ നിന്നുണ്ടാകണം. അങ്ങനെയൊരു വാക്കില്ല.

"ശരിയും തെറ്റും" എന്ന ഈ ബ്ലോഗിന്റെ ആദ്യലേഖനത്തിലെക്കു്‌ എല്ലാവരെയും ഹാര്‍ദ്ദമായി ക്ഷണിക്കുന്നു.