Tuesday, February 07, 2006

സംവൃതോകാരം

പദാന്ത്യത്തിലുള്ള ഉകാരം രണ്ടു വിധത്തിലുണ്ടു്‌:

  • വിവൃതോകാരം: തുറന്നുച്ചരിക്കുന്ന ഉകാരം. കണ്ടു, നിന്നു തുടങ്ങിയ വാക്കുകളുടെ അവസാനം ഉള്ള ഉകാരം.
  • സംവൃതോകാരം: അടച്ചുച്ചരിക്കുന്ന ഉകാരം. പണ്ടു്‌, എന്തു്‌ എന്നിവയിലെപ്പോലെ.
സംവൃതോകാരം പല ഭാഷകളിലുമുണ്ടു്‌ - ഇംഗ്ലീഷുള്‍പ്പെടെ. എങ്കിലും പല ഭാഷകളിലും അതു്‌ എഴുതുക പതിവില്ല. തമിഴിലും തെലുങ്കിലും അതു്‌ "ഉ" എന്നു തന്നെ (വിവൃതോകാരമായി) എഴുതുന്നു - ധനമു, എന്രു എന്നിങ്ങനെ.

സംവൃതോകാരത്തിന്റെ ചില പ്രത്യേകതകള്‍:

  1. സ്വരം പിന്നില്‍ വന്നു സന്ധി ചെയ്താല്‍ സംവൃതോകാരം ലോപിക്കും. ഉദാ: എനിക്കു്‌ + ല്ല = എനിക്കില്ല, വന്നു്‌ + ങ്കില്‍ = വന്നെങ്കില്‍ വിവൃതോകാരമാണങ്കില്‍ കൂടുതലായി വകാരം വരികയാണു പതിവു്‌. ഉദാ: വന്നു + ങ്കില്‍ = വന്നുവെങ്കില്‍, കുരു + ല്ല = കുരുവില്ല. (രണ്ടും സംസ്കൃതപദമാണെങ്കില്‍, സംസ്കൃതരീതിയില്‍ "ഉ" പോയി "വ" വരികയും ആവാം. അണു + യുധം = അണുവായുധം (മലയാളരീതി), അണ്വായുധം (സംസ്കൃതരീതി).)
  2. സ്വരം പിന്നില്‍ വന്നു സന്ധി ചെയ്യാതെ നിന്നാല്‍ സംവൃതോകാരം അതേപടി നില്‍ക്കും. ഉദാ: എനിക്കു്‌ അവിടെ പോകണം. പണ്ടു്‌ എല്ലാവരും രാവിലെ കുളിച്ചിരുന്നു.
  3. വ്യഞ്ജനം പിന്നില്‍ വന്നാല്‍ സംവൃതോകാരം വിവൃതോകാരമാകും. ഉദാ: എനിക്കു പോകണം. പണ്ടു കേട്ട കഥ.
  4. വ്യഞ്ജനം പിന്നില്‍ വരുമ്പോഴും, സംവൃതോകാരത്തിനു ശേഷം ഒരു നിര്‍ത്തുണ്ടെങ്കില്‍ അങ്ങനെ തന്നെ നില്‍ക്കും. ഉദാ: പണ്ടുപണ്ടു്‌, ആദിമമനുഷ്യനും ഉണ്ടാകുന്നതിനു മുമ്പു്‌, ഒരു കാട്ടില്‍...
  5. ബഹുവചനത്തില്‍ സംവൃതോകാരം വിവൃതമാകും ഉദാ: വാക്കു്‌ - വാക്കുകള്‍

20 Comments:

At 7:41 AM, Blogger .::Anil അനില്‍::. said...

ഈയിടെയായി സന്തോഷത്തോടെ ശ്രദ്ധിച്ചിരുന്ന ഒരു കാര്യമാണ് ബൂലോഗത്തില്‍ ഉമേഷിന്റെ നിത്യസാന്നിധ്യം. [ഇത്തരം വാചകങ്ങള്‍ എഴുതാനൊക്കെ ഇനി പേടിക്കണം; അക്ഷര-വാചക-പ്രയോഗവൈകല്യങ്ങള്‍... അതിനും മേല്‍പ്പറഞ്ഞ സജീവസാന്നിധ്യം തന്നെയാണു കാരണം ;)]
പറയാന്‍ വന്നകാര്യം, ഇപ്പോഴിവിടെ വന്ന തരം ലേഖനങ്ങളുടെ പ്രാധാന്യത്തെയും ആവശ്യകതയെയും പറ്റിത്തന്നെയാണ്.
അടിസ്ഥാനപരമായ കാര്യങ്ങള്‍ പ്രതിപാദിക്കുന്ന ഇവ എന്നെപ്പോലുള്ളവര്‍ക്ക് [സമയത്തിനു ശ്രദ്ധിക്കാതെ ഉഴപ്പിയ]പലതും അറിയാന്‍ ഇടതരും. വളരെ നന്ദി.
വിക്കിയില്‍ “വിവൃതോകാരം, സംവൃതോകാരം“ തുടങ്ങി ഈ ലേഖനത്തില്‍ തന്നെ പറയുന്ന പല വാക്കുകളുടെയും ലേഖനങ്ങള്‍ കൂടിയുണ്ടായെങ്കില്‍ എന്നൊരാശയും.

 
At 8:15 AM, Blogger Achinthya said...

ഉമേശൻമാഷ് ഞാൻ മുമ്പ് ചോദിച്ച ചോദ്യത്തിനുത്തരം തന്നില്യാ?
'ഉമ'യിലെ 'ഉ' ന്നു വെച കുഞ്ഞേ ന്നൊരു അർത്ഥണ്ടോ?ണ്ട് ന്ന് വിചാരിച്ചിട്ട് dear_dont ന്നു id ണ്ടാക്കീട്ടുള്ള ഒരു മന്തബുദ്ധീനെ എനിക്കറിയാം. അതോണ്ടാ ചോദിച്ചെ.

 
At 8:21 AM, Blogger സു | Su said...

എനിക്ക് പോകണം എന്നും എനിക്കു പോകണം എന്നും ശരിയല്ലേ? നിനക്ക് എന്താ ജോലി എന്നും നിനക്കു എന്താ ജോലി എന്നും പറയാറുണ്ടല്ലോ.നിനക്കെന്താ എന്നും പറയും.
പണ്ട് പണ്ട് ബ്ലോഗുലകത്തില്‍ എന്ന് പറഞ്ഞാല്‍ തെറ്റാണോ? പണ്ടുപണ്ട് എന്നു തന്നെ പറയണോ?

(ചോദ്യങ്ങള്‍ കണ്ടുകൊണ്ട് (കണ്ട്കൊണ്ട്) വന്ന് (വന്നു) ഉമേഷ് സുവിനെ ഓടിച്ചു.തനിക്ക് (തനിക്കു) ഇതൊക്കെ അറിയാം എങ്കില്‍= അറിയാമെങ്കില്‍ എന്ന് സു പതിവുപോലെ ( പതിവ്പോലെ) ആശിച്ചു )

 
At 9:54 AM, Blogger ഉമേഷ്::Umesh said...

സു,

"എനിക്കു്‌ പോകണം", "എനിക്കു പോകണം" - രണ്ടും ശരിയാണു്‌. ആദ്യത്തേതില്‍ ആദ്യത്തെ വാക്കു കഴിഞ്ഞു്‌ ഒരു ചെറിയ നിര്‍ത്തുണ്ടു്‌ എന്നു മാത്രം. അതുപോലെ "പണ്ടു്‌ പണ്ടു്‌" എന്നതും ശരിയാണു്‌. (കുട്ടീ, നിര്‍ത്തിനിര്‍ത്തി പറയൂ, എന്നാലല്ലേ അര്‍ത്ഥം മനസ്സിലാവൂ.... :-)) എന്റെ ലേഖനത്തിലെ 4-ാ‍മത്തെ അഭിപ്രായം നോക്കൂ.

"നിനക്കു്‌ എന്താ ജോലി" എന്നതു ശരി. "നിനക്കു എന്താ ജോലി" എന്നു പഴയ ബൈബിളിലല്ലാതെ എവിടെയെങ്കിലും കാണാറുണ്ടോ? കേള്‍ക്കുമ്പോള്‍ എനിക്കു്‌ എന്തോ കുഴപ്പം. (പഴയ ബൈബിളിലും, അങ്ങനെ എഴുതിയെന്നേ ഉള്ളൂ; വായിക്കേണ്ടതു്‌ സംവൃതോകാരത്തോടുകൂടിത്തന്നെ. വിദേശികളായ ഗുണ്ടര്‍ട്ടും ബെയ്‌ലിയുമൊക്കെ ഇന്നത്തെ പല പണ്ഡിതരെക്കാള്‍ വിവരമുള്ളവരായിരുന്നു)

- ഉമേഷ്‌

 
At 9:58 AM, Blogger ഉമേഷ്::Umesh said...

അചിന്ത്യേ,

ഓര്‍മ്മയില്‍ അങ്ങനെയൊരു അര്‍ത്ഥം കിട്ടുന്നില്ല. അമരകോശത്തിലും ശബ്ദതാരാവലിയിലുമൊക്കെ ഒന്നു തപ്പിയിട്ടു്‌ വൈകുന്നേരം മറുപടി പറയാം.

മാതാവുമാപദമുരച്ചു തടഞ്ഞ കൊണ്ടു

എന്നേ എ. ആറും

ഉമേതി മാത്രാ തപസോ നിഷിദ്ധാ

എന്ന വരിക്കു പരിഭാഷയായി കൊടുത്തിട്ടുള്ളൂ.

- ഉമേഷ്‌

 
At 10:07 AM, Blogger ഉമേഷ്::Umesh said...

നിത്യസാന്നിദ്ധ്യമില്ല അനിലേ. സമയം കിട്ടുന്നില്ല. മിക്കവാറും എല്ലാം തന്നെ വായിക്കാറുണ്ടു്‌. കമന്റെഴുതാന്‍ പറ്റുന്നില്ല.

എനിക്കേറ്റവും ഇഷ്ടമുള്ള ബ്ലോഗര്‍ തുളസിയാണു്‌. തികഞ്ഞ വ്യക്തിത്വവും വിവേകവുമുള്ള മനുഷ്യന്‍. പക്ഷേ, അദ്ദേഹത്തിന്റെ ബ്ലോഗില്‍ ഇതുവരെ ഒരു കമന്റു പോലും ഞാന്‍ ചേര്‍ത്തിട്ടില്ല. എനിക്കു വളരെ ഇഷ്ടമുള്ള പെരിങ്ങോടരുടെ കഥകളുടെ കുറ്റം മാത്രമേ ഇതുവരെ പറഞ്ഞിട്ടുള്ളൂ. അന്നേരം തോന്നുന്ന മൂഡനുസരിച്ചു്‌ കമന്റിടുന്നു എന്നു മാത്രം.

ഇതുപോലെയുള്ള ലേഖനങ്ങള്‍ കൂടുതലെഴുതണമെന്നുണ്ടു്‌. ഭാഷാശാസ്ത്രം മാത്രമല്ല, മറ്റുള്ളവയും. എന്നെങ്കിലും പറ്റുമായിരിക്കും, അല്ലേ.

വിക്കിയുടെ കാര്യം. ഞാന്‍ ഒന്നുരണ്ടു ലേഖനങ്ങള്‍ വിക്കിയിലിട്ടിട്ടുണ്ടു്‌. സമയമെടുക്കുന്ന പണി തന്നെ. ഇങ്ങനെ ബ്ലോഗിലിടുന്ന കാര്യങ്ങള്‍ ആളുകളുടെ അഭിപ്രായങ്ങള്‍ അനുസരിച്ചു്‌ തെറ്റുതിരുത്തി നമുക്കു്‌ അവസാനം വിക്കിയിലിടാം, എന്താ? എന്റെ ലേഖനങ്ങളില്‍ നിന്നു്‌ എന്തും എടുത്തു വിക്കിയിലിട്ടോളൂ.

- ഉമേഷ്‌

 
At 10:45 AM, Blogger പെരിങ്ങോടന്‍ said...

ഉമേഷ്,
വളരെ നന്ദി, ചോദിച്ചതിനു ഉത്തരം കിട്ടി. വിക്കിയില്‍ ഞാന്‍ സംവൃതം വിവൃതം എഴുതുന്നതില്‍ കാണിച്ചിരുന്ന മടി ഈ ഒരു അവ്യക്തതയായിരുന്നു. അതെന്തായാലും മാറിക്കിട്ടുന്നു.

 
At 1:12 PM, Blogger viswaprabha വിശ്വപ്രഭ said...

Testing പിന്മൊഴികള്‍.
താങ്ങ്യൂ!

 
At 11:48 PM, Blogger -സു‍-|Sunil said...

ഉമേഷ്, ഞങടെ നാട്ടിലൊക്കെ ചിലര്‍ “എനിയ്ക്ക്‌“ എന്നെഴുതാറുണ്ട്‌. “എനിക്ക്‌“ ആണോ ശരി അതോ “എനിയ്ക്ക്‌“ ആണോ ശരി? ഞാന്‍ പലപ്പോഴും രണ്ടുമെഴുതും. ഉച്ചാരണത്തിന്റെസ്വാധീനമാണോ “എനിയ്ക്ക്‌“ എന്നെഴുതുന്നതില്‍?-സു-

 
At 12:06 AM, Blogger പെരിങ്ങോടന്‍ said...

സുനില്‍
ഈ സംശയത്തിനു് ഉമേഷ് പണ്ടൊരു വിശദീകരണം എഴുതിയിട്ടുണ്ടു്. എനിക്കു്, പനിക്കും എന്നെല്ലാം മതിയെന്നായിരുന്നു അന്നദ്ദേഹത്തിന്റെ വിശദീകരണം.

 
At 12:24 AM, Blogger ഉമേഷ്::Umesh said...

അതുല്യയ്ക്കു്‌,

പലയിടത്തും തപ്പിയിട്ടും "ഉ"വിനു "കുഞ്ഞേ" എന്നൊരര്‍ത്ഥം കണ്ടില്ല.

സുനിലിനു്‌,

എനിക്കു്‌, എനിയ്ക്കു്‌ - രണ്ടും ശരിയാണു്‌. ഇ, ഈ എന്നിവയ്ക്കു ശേഷം യകാരധ്വനി പ്രത്യേകിച്ചെഴുതാതെ തന്നെ വ്യക്തമാണു്‌. അതുകൊണ്ടു്‌ അതില്ലെങ്കിലും കുഴപ്പമില്ല.

ചക്രം ശരിക്കു "ചക്ക്രം" എന്നാണല്ലോ ഉച്ചരിക്കുന്നതു്‌. എങ്കിലും നാമതു്‌ എഴുതുന്നില്ലല്ലോ. എങ്കിലും, "അധ്യാപകന്‍" എന്നെഴുതിയാല്‍ "അദ്ധ്യാപകന്‍" എന്നു വ്യക്തമാണെങ്കിലും നാം രണ്ടാമത്തേതു എഴുതാതിരിക്കുകയും ചെയ്യുന്നില്ലല്ലോ. എല്ലാം ശീലത്തിന്റെ ഒരു കളി തന്നെ.

- ഉമേഷ്‌

 
At 12:56 AM, Blogger സൂഫി said...

എന്റെ പഴയ മലയാളം ക്ലാസ്സിലിരിക്കുന്ന അതേ അവസ്ഥ!
വിനയെച്ചവും,, പേരെച്ചവും, സന്ധിയും, സമാസവും ഒഴുകുന്ന ക്ലാസ്സിൽശുഭ്രവസ്ത്രധാരിയായ ‘ഗോപാലപിള്ള സാറി‘ന്റെ കസേരയിൽ ഇരിക്കുന്നതു ഉമേശൻ മാഷാണെന്നു മാത്രം.
നിശബ്ദനായി ഇരുന്നു ഞാനെല്ലാം പഠിക്കുന്നു...
പാഠങ്ങൾ ഉറയ്ക്കുമ്പോൾസംശയം ചോദിക്കാം..

 
At 2:56 AM, Blogger Adithyan said...

ദേ പിന്നേം...
അതുല്യ അചിന്ത്യാ ഉൽപ്രേക്ഷ ഉമേഷ്‌മാഷിനെ വിട്ടുപോകില്ലല്ലെ?

 
At 6:16 AM, Blogger ഉമേഷ്::Umesh said...

ദാ പിന്നേം സ്ഥലജഭ്രാന്തി. നന്ദി, ആദിത്യാ.

എന്റെ ഒരു അമ്മൂമ്മ 75 വയസ്സു കഴിഞ്ഞപ്പോള്‍ മക്കളുടെ പേരുകള്‍ മാറ്റിവിളിക്കുമായിരുന്നു - രാമചന്ദ്രനെ പ്രഭാകരനെന്നും മറിച്ചും മറ്റും. എത്ര തിരുത്തിയാലും ഈ തെറ്റുകള്‍ മാറിയിരുന്നില്ല.

ഈ അമ്മൂമ്മ 90 കഴിഞ്ഞപ്പോള്‍ ഓര്‍മ്മ വളരെക്കുറഞ്ഞിട്ടു്‌ എട്ടു വയസ്സുള്ള മിനിക്കുട്ടിയെ 65 വയസ്സുള്ള സരോജിനിയുടെ പേരു ചേര്‍ത്തു വിളിക്കുമായിരുന്നു.

അമ്മൂമ്മയ്ക്കു പ്രായാധിക്യം മൂലമുള്ള മറവിയാണോ അതോ ഒരുപാടു മക്കളും പേരക്കിടാങ്ങളും മറ്റുമുള്ളതൊലൊണ്ടുള്ള കണ്‍ഫ്യൂഷനാണോ എന്നറിയില്ല. എനിക്കെന്താണാവോ? ആദ്യത്തേതല്ല, രണ്ടാമത്തേതാണു പ്രശ്നം (എത്രയെത്ര ബ്ലോഗന്മാരും ബ്ലോഗിനികളും എന്റെ ദൈവമേ!) എന്നാണു പ്രതീക്ഷ. തന്മാത്ര കാണാത്തതുകൊണ്ടു്‌ ഏതായാലും ആല്ഷെമിഷ്സ്‌ (ഇങ്ങനെ തന്നെയാണോ ആ കുന്ത്രാണ്ടം പിടിച്ച സൂക്കേടിന്റെ പേരു്‌?) ആണെന്നു ചിന്തിച്ചുതുടങ്ങിയിട്ടില്ല.

 
At 6:58 AM, Blogger Achinthya said...

ഉമേശന്മാഷേ,
ഇവടത്തെ യൂനിവേഴ്സിറ്റികളിൽ പ്രിസ്ക്രൈബ് ചെയ്തിരിക്കണ ഒന്നുരണ്ട് കുമാരസംഭവം റ്റെക്സ്റ്റുകളിൽ കുഞ്ഞേ ന്നു നീട്ടി വിളിക്കുണു, "ഉ" നെ. തൃപ്പൂണിത്തുറ സംസ്കൃതം കോളേജിലെ പഴേ പ്രിൻസിപലായിരുന്നു അതിലൊന്നിന്റെ എഡിറ്റർ. ( പേരു മറന്നു, ചില സ്ഥലജലഭ്രാന്തന്മാരടെ കൂടെള്ള സംസർഗ്ഗാവാം കാരണം).പാവം എന്റെ പരിചയക്കാരി ഉമ. അവളോട് ഞാനിപ്പോ എന്തായാലും നല്ല ഗവേഷണം നടത്തീട്ടേ അഭിപ്രായം പറയു. പിഷാരടിമാഷു പോയതു കഷ്ടം. ഉമേശന്മാഷ്ക്കൊരു കൂട്ടായേനേ.

 
At 7:19 AM, Blogger ഉമേഷ്::Umesh said...

അചിന്ത്യയ്ക്കു്‌, (ഇപ്പോള്‍ തെറ്റിയിട്ടില്ല, ഭാഗ്യം!)

പണ്ടു്‌, കുമാരസംഭവത്തിന്റെ മല്ലിനാഥന്റെ സംസ്കൃതവാഖ്യാനവും കുട്ടികൃഷ്ണമാരാരുടെ മലയാളവ്യാഖ്യാനവും വായിച്ചിട്ടുണ്ടു്‌. ഇതു കണ്ടതായി ഓര്‍മ്മയില്ല. ഈ ശ്ലോകം എന്റെ പേരുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ ശ്രദ്ധിക്കേണ്ടതായിരുന്നു. ഇപ്പോള്‍ ഇതൊന്നും കയ്യിലില്ല. ശബ്ദതാരാവലിയും അമരകോശവും മാത്രമേ നോക്കിയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ ദയവായി പറയുമല്ലോ.

അചിന്ത്യ എഴുതിയതുപോലെ "തപസാന്നിഷിദ്ധാ" എന്നും പറയാം. തപസാത്‌ + നിഷിദ്ധാ. "തപസോ നിഷിദ്ധാ" എന്നതു പാഠഭേദമാകാം.

അയ്യോ, പിഷാരടിമാഷിന്റെ കൂടൊന്നും എന്നെ കൂട്ടല്ലേ. മലയാളവും ഇംഗ്ലീഷും ഒഴികെ ഒരു ഭാഷയിലും ഒരു വാക്യം തെറ്റില്ലാതെ എഴുതാന്‍ എനിക്കറിയില്ല. സംസാരിക്കാനും പറ്റില്ല. (വായിച്ചാല്‍ കുറെ മനസ്സിലാകും, അത്രമാത്രം)

പ്രീഡിഗ്രി വരെ മാത്രം മലയാളം പഠിച്ചു്‌, ഡിഗ്രിക്കു രണ്ടാഴ്ച മാത്രം സംസ്കൃതം പഠിച്ചിട്ടു സിവില്‍ എഞ്ചിനീയറിംഗു പഠിക്കാന്‍ പോയി, ട്രാഫിക്‌ എഞ്ചിനീയറിംഗില്‍ ബിരുദാനന്തരബിരുദമെടുത്തു്‌, ഈ രണ്ടു വിഷയങ്ങളിലും (സിവില്‍/ട്രാഫിക്‌) യാതൊരു വിവരവുമില്ലാതെ, പഠിക്കാന്‍ അഞ്ചു പൈസ പോലും മുടക്കാത്ത കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗില്‍ ആകൃഷ്ടനായി അതിലൊരു ജോലി സമ്പാദിച്ചു്‌, അതില്‍ത്തന്നെ ഇപ്പോഴും തുടര്‍ന്നു്‌, ഇപ്പോള്‍ മലയാളവ്യാകരണത്തെപ്പറ്റി മാത്രം എഴുതുന്ന എന്റെ പഠിപ്പില്‍ എന്തോ സാരമായ സ്പെല്ലിംഗ്‌ മിസ്റ്റേക്കുണ്ടു്‌. ഒന്നും നേരേ ചൊവ്വേ അറിയില്ല. എല്ലാം അല്‍പജ്ഞാനം. ബ്ലോഗുള്ളതുകൊണ്ടു്‌ എന്തും എഴുതാമല്ലോ.

പണ്ടെഴുതിയ ഒരു കവിതയിലെ ഏതാനും വരികള്‍:

Whatever I did want to learn
I was never taught...
Whatever I did want to earn
I have never got...

Whenever I did fall in sin
I was always caught...
Whenever I was examined
They proved that I am naught...

ഇങ്ങനെയും ഒരു ജീവിതം എന്നേ പറയേണ്ടൂ.

- ഉമേഷ്‌

 
At 8:19 AM, Blogger Achinthya said...

ഉമേശന്മാഷേയ്‌,
ഇനിയുള്ള എന്റെ ദിവസങ്ങൾ ഉമോത്പത്തി കണ്ടുപിടിക്കാനായി ഉഴിഞ്ഞു വെക്കുന്നതാണ്‌. ന്നാലും ഇതൊന്നറിയണല്ലോ.കാരണം എന്റെ ആ സുഹൃത്ത്‌ ഉമടെ അടുത്ത്‌ കോളേജിൽ സംസ്കൃതം പഠിപ്പിച്ചിരുന്ന ഗോപാലകൃഷ്ണന്മാഷ്‌ 'തനിക്കെങ്ങന്യാടൊ അച്ഛനും അമ്മേം കൃത്യായിട്ടു ഇങ്ങനെ ഒരു അനുസരണംകെട്ടോൾടെ പേരിട്ടേ 'ന്ന് 'കുമാരസംഭവം' ക്ലാസ്സിൽ വെച്ചു ചോദിച്ചത്‌ ഇപ്പഴും എനിക്ക്‌ നല്ല ഓർമ്മണ്ട്‌.അതാ ഞാനും ഈ ശ്ലോകം ശ്രദ്ധിച്ചേഠെറ്റീട്ടില്യാന്ന് എനിക്കറിയാരുന്നു. പിന്നെ മതിഭ്രമം വരണ പാവം മാഷന്മാരെ തിരുത്തി കുരുത്തക്കേട്‌ വാങ്ങണ്ടാന്ന് വെച്ചു.

കണ്ട്വൊ കണ്ട്വൊ എന്നെപ്പോലെള്ള നല്ല ആൾക്കാർടെ കൂടെ കൂട്യേപ്പൊ മാഷ്ടെ അസുഖം മാറി.

Whatever was learnt by you,
Was always meant to be taught by you
Whatever you did earn,
Darling, is what you finally learnt.

Whenever you get caught in sin,
Fear not,He will redeem you anyway
Whenever they come to examine,
Let not their diagnosis make you sway.


eeeeeeeeeeeekkkkkkkkkkkk......

 
At 1:14 PM, Blogger ഉമേഷ്::Umesh said...

അചിന്ത്യയ്ക്കു്,

ഉമ എന്നതു് ഒരു അനുസരണ കെട്ട പെണ്ണിന്റെ പേരാണെന്ന മാഷുടെ അഭിപ്രായം വിചിത്രമായിത്തോന്നുന്നു. ശിവനെ ഭര്‍ത്താവായി കിട്ടാന്‍ തപസ്സു ചെയ്യാന്‍ വേണ്ടി പുറപ്പെട്ടപ്പോഴാണു് ഇതൊക്കെ സംഭവിച്ചതു്. സ്വന്തം അമ്മ

അളിയുടെ കഴല്‍ താങ്ങിടാം ശിരീഷം;
കിളിയുടെ കാലടി താങ്ങുകില്ല കുഞ്ഞേ

എന്നു പറഞ്ഞു തടുത്തിട്ടും (ഇതിനു ശേഷമാണു് “ഉമാ” വിളി.) ദൃഢനിശ്ചയത്തോടെ മുന്നോട്ടു പോയി, മഴയിലും മഞ്ഞിലും വെയിലിലും കഠിനതപസ്സു ചെയ്തു്, ശിവന്റെ ഇന്റര്‍വ്യൂവും പാസ്സായി, അവസാനം കല്യാണം കഴിച്ച ആ മിടുക്കിയുടെ ഭര്‍ത്താവു് എന്നര്‍ത്ഥമുള്ള പേരു തെരഞ്ഞെടുത്തതില്‍ എനിക്കെന്നും അഭിമാനമായിരുന്നു.

കവിതാഭാഗത്തിന്റെ മറുപടിക്കു നന്ദി. ആ കവിതയ്ക്കു ഞാന്‍ തന്നെ ഒരു അനുബന്ധം പിന്നീടു് എഴുതിയിരുന്നു. രണ്ടു ഭാഗവും കൂടി ദാ ഇവിടെ ഇട്ടിട്ടുണ്ടു്.

(പെരിങ്ങോടരുടെ പുതിയ കീമാപ്പു കൊണ്ടാണു പ്രയോഗം. സംഗതി കൊള്ളാം.)

- ഉമേഷ്

 
At 8:27 PM, Blogger Achinthya said...

ഉമേശന്മാഷ്ക്കിതിനു 10 മാർക്ക്.
മാഷീ പറഞ്ഞ കാര്യം ആ ഉമേം തന്റെ മാഷോട് പറയാൻ നോക്കി."അവൾ അവൾടെ പൂർണ്ണതേൽക്ക് പോയതല്ലേ മാഷെ. പോവാണ്ടിരിക്കാൻ പറ്റണ്ടേ"ന്ന് ചോദിച്ചപ്പോ മാഷ് "ഓഹോ അപ്പോ ഇതാല്ലേ മനസ്സിലിരിപ്പ്" ന്നൊരു ദയലോഗ്."ഇതും മനസ്സിലിരിപ്പാ,
കൃഷ്ണന്റെ പിന്നാലെ പോവണ ഗോപികയാവണേക്കാളും എന്തുകൊണ്ടും മല്ലികാർജ്ജുനന്റെ അക്കയാവാനാ പ്രിയം" ന്നും പറഞ്ഞ് അവളിരുന്നു. ആ കൃഷ്ണപ്രയോഗം ഗോപാലകൃഷ്ണൻ മാഷ്ക്ക് രുചിച്ചില്യാന്ന് തോന്നുണു.

കവിതകൾടേം കഥകൾടെം പാഠഭേദങ്ങൾ രസകരാണ .ന്നായിട്ടുണ്ട് തളിരിലയ്ക്ക്‌ കട്ടിവെച്ചു തുടങ്ങണത്‌ വ്യക്തായി കാണാം.

 
At 11:38 PM, Blogger Kaippally കൈപ്പള്ളി said...

അപ്പോൾ പുല്ലു് , കല്ലു് വില്ലു് എന്നെല്ലാം എഴുതണം. vistaയിൽ മാത്രമെ ഇത് ഇങ്ങനെ വരു. Windows 2000ലും Windows Xpയിലും എന്ത് ചെയ്യും എന്ന് ആരെങ്കിലും ഉപദേശിക്കുമോ ?

 

Post a Comment

Links to this post:

Create a Link

<< Home