Saturday, May 14, 2005

അഹിച്ഛത്രം

എന്റെ ഇതുവരെ കണ്ടിട്ടില്ലാത്ത സുഹൃത്തും പെരിങ്ങോടന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നവനുമായ രാജ്‌ നായര്‍ എഴുതിയ അഹിച്ഛത്രത്തിലെ യോദ്ധാവു്‌ എന്ന മനോഹരമായ കഥ വായിച്ചപ്പോള്‍ "അഹിച്ഛത്രം" എന്ന പ്രയോഗം ശരിയാണോ എന്നൊരു സംശയം തോന്നി. അതു ചോദിക്കുകയും ചെയ്തു. പിന്നീടാണു്‌ സംശയം അസ്ഥാനത്താണെന്നു മനസ്സിലായതു്‌. വൃക്ഷച്ഛായ, തരുച്ഛായ, ആച്ഛാദനം തുടങ്ങിയ പല പ്രയോഗങ്ങളും ഓര്‍മ്മ വന്നു. കൂടാതെ ശാര്‍ദ്ദൂലവിക്രീഡിതത്തിലുള്ള ഈ രണ്ടു ശ്ലോകഭാഗങ്ങളും 'ഛ'യ്ക്കു സന്ധിയില്‍ ദ്വിത്വമുണ്ടെന്നു വെളിവാക്കി.
  1. ശല്യം ഷഡ്ഭിരഥേഷുഭിസ്ത്രിഭിരപി ച്ഛത്രം ധ്വജം കാര്‍മുകം... (ഭാസ്കരാചാര്യരുടെ ലീലാവതിയില്‍ നിന്നു്‌. Quadratic equation ഉപയോഗിച്ചു ചെയ്യേണ്ട ഒരു പ്രശ്നം.)
  2. ന ച്ഛത്രം ന തുരംഗമം... (കാക്കശ്ശേരി ഭട്ടതിരിയുടെ ഒരു പ്രസിദ്ധശ്ലോകം.)
ഇതെങ്ങനെ എന്നു ശങ്കിച്ചു സംസ്കൃതവ്യാകരണനിയമങ്ങള്‍ പരതിയപ്പോഴാണു കാര്യം പിടികിട്ടിയതു്‌. "ഛകാരസന്ധി" എന്നൊരു പ്രത്യേകനിയമം തന്നെയുണ്ടു്‌. ഇതാണു്‌ ആ നിയമം (പാണിനിയുടെ അഷ്ടാധ്യായിയില്‍ നിന്നു്‌):
  1. ഛേ ച (ഹ്രസ്വസ്യ, തുക്‌, സംഹിതായാം)[6-1-73] : ഹ്രസ്വസ്വരത്തിനു ശേഷം ഛകാരത്തിനുമുമ്പു്‌ തകാരം ആഗമിക്കുന്നു. ഈ നിയമമനുസരിച്ചു്‌ അഹി + ഛത്രം = അഹി + ത്‌ + ഛത്രം ആകുന്നു.
  2. സ്തോഃ ശ്ചുനാ ശ്ചുഃ[8-4-40] : 'ശ'കാരമോ 'ത'വര്‍ഗ്ഗമോ പിന്‍വന്നാല്‍ സ, ത, ഥ, ദ, ധ, ന എന്നിവയ്ക്കു യഥാക്രമം ശ, ച, ഛ, ജ, ഝ, ഞ എന്നിവ ആദേശം. അങ്ങനെ ത്‌ + ഛത്രം = ച്‌ + ഛത്രം ആകുന്നു.
ഇങ്ങനെയാണു്‌ അഹി + ഛത്രം = അഹിച്ഛത്രം ആകുന്നതു്‌. തരുച്ഛായയും വൃക്ഷച്ഛായയും ഇതുപോലെ തന്നെ. ദീര്‍ഘസ്വരമാണെങ്കില്‍ തകാരാഗമം വേണമെന്നില്ല. ലതാ + ഛായ ചേരുമ്പോള്‍ ലതാഛായയോ ലതാച്ഛായയോ ആകാം. ആ + ഛാദനം = ആച്ഛാദനം ആകുന്നതു്‌ ആങ്മാങോശ്ച (ഛേ, തുക്‌) [6-1-74] എന്ന പാണിനീസൂത്രമനുസരിച്ചാണു്‌. ഇതനുസരിച്ചു്‌ 'ആ', 'മാ' എന്നിവയ്ക്കു ശേഷം ഛകാരത്തിനുമുമ്പു്‌ തകാരാഗമം വരും. ശേഷം മുന്‍പറഞ്ഞതുപോലെ തന്നെ. ചുരുക്കിപ്പറഞ്ഞാല്‍, 'അഹിച്ഛത്രം' ശരിയാണു്‌. പെരിങ്ങോടനും.

29 Comments:

At 6:13 AM, Blogger കെവിൻ & സിജി said...

This comment has been removed by a blog administrator.

 
At 6:14 AM, Blogger കെവിൻ & സിജി said...

പഠിയ്ക്കാന്‍ ശ്രമിയ്ക്കണുണ്ട്ട്ടോ മാഷേ. നന്നായി പഠിയ്ക്കില്ലെങ്കിലും എനിയ്ക്കു മാഷടെ സംസാരം കേട്ടിരിയ്ക്കാന്‍ ഇഷ്ടാണു്.

 
At 1:41 PM, Blogger രാജ് said...

കെവിന്‍ മാഷേ, മാഷെഴുതിയ കമന്റ് ഇങ്ങനെയും എഴുതാമെന്നാണ്‌ ഉമേഷ് എന്റെ ഒരു സംശയത്തിന്‌ ഈയിടെ മറുപടി എഴുതിയത്:

"പഠിക്കാന്‍ (പഠിക്ക്യാന്‍?) ശ്രമിക്കുണുണ്ട്ട്ടോ മാഷേ. നന്നായി പഠിക്കില്ലെങ്കിലും എനിക്ക് മാഷടെ സംസാരം കേട്ടിരിക്കാന്‍ (കേട്ടിരിക്ക്യാന്‍?) ഇഷ്ടാണ്‌."

ഉമേഷ് തന്നെ പറയൂ ഏതാണു് കൂടുതല്‍ സ്വീകാര്യമായ എഴുത്ത്?

 
At 11:05 PM, Blogger gee vee said...

അപ്പോള്‍ ‘മറയ്ക്കാന്‍’ പറ്റാത്ത ഭംഗി ‘മറക്കാന്‍’ കഴിയുമോ?
ഈ ‘യ’ കാരം വരുന്നതെങ്ങിനെയാണെന്നു ഇപ്പോഴും പിടികിട്ടാത്ത ഒരു കാര്യമാണ്‌ .
ആദേശ സന്ധീയുടെ കാര്യമല്ല ഇവിടെ ഉദ്ദേശിച്ചത്‌. ഇതുപോലത്തെ വാക്കുകളില്‍ വരുന്ന 'യ'. ചിലയിടത്ത്‌ 'യ' വന്നാലേ അര്‍ത്ഥം പൂര്‍ണ്ണമാകൂ

ചിലതു (മേല്‍ പറഞ്ഞതു പോലെ മറയ്ക്കാന്‍, മറക്കാന്‍) അര്‍ത്ഥവ്യത്യാസം കൊണ്ടുതന്നെ മനസ്സിലാകും. ചിലതു ഉച്ചാരണവിശേഷത കൊണ്ടും.

ജീവി

 
At 11:36 PM, Blogger രാജ് said...

ജീവി,
"മറക്കാന്‍" & "മറയ്ക്കാന്‍" ഇവ രണ്ടും രണ്ടു തന്നെയാണു്. എന്നാല്‍ "മറിക്കാന്‍" & "മറിയ്ക്കാന്‍" എന്നിവ ഒന്നു തന്നെയാണെന്നാണ്‌ ഉമേഷ് പറഞ്ഞത്. വള്ളിയുടെ ചിഹ്നം ശ്രദ്ധിക്കുക.

 
At 1:25 AM, Blogger gee vee said...

പെരിങ്ങോടരേ,
ഞാനും പറഞ്ഞതു അതു തന്നെയാണ്. ചില വാക്കുകള് രണ്ട് വിധത്തിലും ശരിയാണ്., പറിയ്ക്കാന്, പറിക്കാന്; കുറ്യ്ക്കാന്, കുറക്കാന്; അയക്കുക, അയയ്ക്കുക; തറയ്ക്കുക, തറക്കുക; കൊറിയ്ക്കാന്, കൊറിക്കാന്


ചിലതു രണ്ടും രണ്ടര്ത്ഥം വരും.
മറയ്ക്കാന്, മറക്കാന്;


ചിലത് ഒന്നു മാത്രം ശരി.
പൊറുക്കാന്
പെറുക്കാന്
വിലക്കാന്
കുലയ്ക്കുക (കുലക്കുക ശരിയാണെന്നു തോന്നുന്നില്ല)
വല്യ്ക്കുക
വെളുക്കുക

ഉമേഷ് മാഷേ, വ്യാകരണ പുസ്തകത്തില് എവിടെയോ ഒരു നിയമം ഉള്ളതു പോലെ തോന്നുന്നു.

ജീവി

 
At 2:16 AM, Blogger രാജ് said...

ജീവി,
"വള്ളി"ക്ക് ശേഷം "യ്ക്ക" എന്നു ശബ്ദം വരുന്ന സന്ദര്‍ഭത്തില്‍ "ക്ക" എന്നു മതിയെന്നാണു് ഉമേഷ് ഉദ്ദേശിച്ചത്. ഈ "ി" ചിഹ്നത്തിനു് വള്ളിയെന്നു തന്നെയല്ലേ പറയുക ;)

അങ്ങനെ ആവുമ്പോള്‍:
കാണിക്ക = കാണിയ്ക്ക
തൊഴിക്കുക = തൊഴിയ്ക്കുക

എന്നിങ്ങനെയെല്ലാം എഴുതാമായിരിക്കും. എനിക്ക് വ്യാകരണമോ വ്യാകരണനിയമങ്ങളോ അറിയാത്തതുകൊണ്ട് വ്യക്തമായിട്ടൊന്നും പറകവയ്യ, ക്ഷമിക്കുക. ഉമേഷ്, അദ്ദേഹത്തിന്റെ തിരക്കുകള്‍ കഴിയുന്ന അവസരത്തില്‍ നമ്മെ സഹായിക്കുമെന്ന്‍ പ്രതീക്ഷിക്കാം.

 
At 4:14 AM, Blogger gee vee said...

പെരിങ്ങോടരേ,

വള്ളിയ്ക്കു (വള്ളിക്കു) ശേഷം മത്രമല്ല ‘അ’ കാരത്തിനു ശേഷവും ഇപ്രകാരം മതിയെന്നു തന്നെയാണു തോന്നുന്നത്. ഉദാഹരണം: പാലയ്ക്കാമോതിരം, പാലക്കാമോതിരം,; പാവയ്ക്ക, പാവക്ക; അടയ്ക്ക, അടക്ക; ചന്തയ്ക്ക്, ചന്തക്ക് മുതലായവ.

 
At 5:57 AM, Blogger Cibu C J (സിബു) said...

പക്ഷെ, നമ്മള്‍ എഴുതുന്നപോലെ ഉച്ചരിക്കുന്നവരായതുകൊണ്ട്‌, 'യ' ഉച്ചരിക്കുന്നിടത്തൊക്കെ അതെഴുതുകയും വേണ്ടേ? പിന്നെ, പെരിങ്ങോടന്റെ ഉദ്ദാഹരണങ്ങള്‍ പോലെ, 'യ' യുടെ സ്ഥാനം 'ക്ക' കഴിഞ്ഞല്ലേ വരേണ്ടത്‌?

എഴുത്തും ഉച്ചാരണവും തമ്മിലുള്ള ഈ അന്തരത്തിന്‌ ഉദ്ദാഹരണങ്ങളിവ:

കാണിക്ക -> കാണിക്ക്യ
അയക്കുക -> അയക്ക്യുക
നാരങ്ങ -> നാരങ്ങ്യ

 
At 6:20 AM, Blogger evuraan said...

ഒരു സംശയം:


"നമ്മള്‍ എഴുതുന്നപോലെ ഉച്ചരിക്കുന്നവരായതുകൊണ്ട്‌,.."


അപ്പോള്‍, ശരിയാണോ ശെരിയാണോ ശെരി/ശരി?

--ഏവൂരാന്‍.

 
At 6:36 AM, Blogger SunilKumar Elamkulam Muthukurussi said...

കാണിക്ക - കാണിയ്ക്കുക
കാണിക്ക - കാണിക്ക വയ്ക്കുക, present കൊടുക്കുക.
"കാണിക്യ" എന്നുള്ളത്‌ തനി നാടന്‍ സംസാരരീതിയാണ്‌. അതു പറയുമ്പോഴും "കാണിയ്ക്വാ" എന്നൊരു തരം ഉച്ചാരണ രീതിയല്ലെ? തികച്ചും ശരിയല്ല ഇവിടെ എഴുതിയത്‌ . എങ്ങനെ ഉച്ചാരണം എഴുതും എന്നറിയില്ല്യ.
സിബുവിന്റെ മറ്റുള്ള ഉദാഹരണങ്ങളും അതുപോലെയല്ലെ? "യ" കഴിഞ്ഞുതന്നെയാണ്‌ "ക" വരേണ്ടത്‌. അങ്ങനെയല്ലേ പെരിങ്ങോടര്‍ പറഞ്ഞത്‌?
ശരി തന്നേയാണ്‌ ശരി.

 
At 11:33 AM, Blogger ഉമേഷ്::Umesh said...

വളരെ സമയക്കുറവായിപ്പോയി കൂട്ടരേ!

വിശദമായി ഇതിനെപ്പറ്റി എഴുതാം. അല്പം ക്ഷമിക്കുക.

സിബുവിന്റെ കമന്റിനെപ്പറ്റി അല്പം:
മലയാളം എഴുതുന്നതുപോലെ വായിക്കുന്ന ഒരു ഭാഷയാണെന്നു നാം പറയുമെങ്കിലും അതൊരു മിഥ്യാധാരണ മാത്രമാണു്. (ഏവൂരാന്‍ ചില ഉദാഹരണങ്ങള്‍ കൊടുത്തിട്ടുണ്ടല്ലോ.) ഒരു ഭാഷയും അല്ല.

കാണിക്ക തുടങ്ങിയ പദങ്ങളിലെ യകാരം ക്കയ്ക്കു മുന്‍പാണു്. പുറകിലുള്ള യകാരം ഉച്ചാരണഭേദം മാത്രമാണു്. സുനില്‍ പറഞ്ഞതു ശരിയാണു്.

കൂടുതല്‍ കാര്യങ്ങള്‍ പിന്നാലെ.

- ഉമേഷ്

 
At 4:32 PM, Blogger Cibu C J (സിബു) said...

സുനില്‍, ഉമേഷ്: ഞാനെഴുതിയത്‌ കൂടുതല്‍ വിശദീകരിക്കണമെന്നുണ്ടായിരുന്നു. മടി, തിരക്ക്‌ എന്നീ രോഗങ്ങള്‍ പൊടുന്നനേ പിടിപെട്ടു!

പെരിങ്ങോടനെഴുതിയ "പഠിക്കാന്‍ (പഠിക്ക്യാന്‍?)" എന്ന ഭാഗമാണ്‌ ഞാനുദ്ദേശിച്ചത്‌.

കാണിക്ക്യ, അയക്ക്യൂ എന്നല്ല നമ്മളെഴുതാറുള്ളത്‌; മറിച്ച്‌ കാണിക്ക, അയയ്ക്കൂ എന്നിങ്ങനെ ആണ്‌ എനിക്കറിയാം. പക്ഷെ, ആ വാക്കുകള്‍ ഞാനുച്ചരിക്കാറ് (മിക്കവാറും ബാക്കിയുള്ള മലയാളികളും) 'കാണിക്ക്യ', 'അയക്ക്യൂ' എന്നിങ്ങനെ യാണ്‌. കുറച്ചു കൂടി കൃത്യമായി, 'കാണിയ്ക്യ', 'അയയ്ക്യൂ' എന്ന്. എന്തായാലും 'ക'-യ്ക്ക്‌ ശേഷം 'യ' ഉച്ചാരണത്തില്‍ നിര്‍ബന്ധമാണ്‌.

അതറിയാന്‍ 'അയയ്ക്കൂ' എന്ന വാക്കെടുക്കൂ. ആ വാക്കിന്റെ ഉച്ചാരണം അവസാനിക്കുന്നത്‌ ഇംഗ്ലീഷിലെ 'Q'-ന്റേതു പോലെ അല്ലേ. Q എന്നത്‌ മലയാളത്തിലെഴുതുക 'ക്യൂ' എന്നാണ്‌; 'യ്ക്കൂ' എന്നല്ലോ.

ഇനിയും ഇതറിയാന്‍ 'കിടയ്ക്ക' എന്ന വാക്കവസാനിപ്പിക്കും പോലെ 'പൊയ്ക' ഉച്ചരിച്ചവസാനിപ്പിച്ചു നോക്കൂ..

 
At 9:12 PM, Blogger സണ്ണി | Sunny said...

"കക്കുക", "കയ്ക്കുക"

 
At 9:45 PM, Blogger SunilKumar Elamkulam Muthukurussi said...

അങ്ങനെയാണെങ്കില്‍ Q എന്ന അക്ഷരത്തിന്‌ ക,യ,ഉ എന്നിങ്ങനെയല്ലെ ഉച്ചാരണം വരുന്നത്‌?

 
At 9:51 PM, Blogger SunilKumar Elamkulam Muthukurussi said...

പിന്നെ ഉച്ചാരണരീതിയ്ക്കനുസരിച്ച്‌ വിലയിരുത്താമോ? ഒരോരോ ദേശത്തിനും എന്തിന്‌ ഒരോരോ ജാതിയ്കടക്കം ഇല്ലേ അവരുടേതായ ഉച്ചാരണ രീതി? വള്ളുവനാടന്‍ സംസാര രീതി അച്ചടിഭാഷയുമായി നല്ലപോലെ അടുത്തുനില്‍ക്കുന്നു എന്നു എവിടെയോ പറഞ്ഞുകേട്ടിട്ടുണ്ട്‌.

 
At 10:52 PM, Blogger രാജ് said...

വള്ളുവനാട്ടില്‍ കിടക്കയ്ക്ക് "കെടക്ക്യ" എന്നല്ലേ ഉച്ചാരണം? കിടക്ക എന്നതാവണം ശരിയായത്, "കിടയ്ക്കയും" "കെടക്ക്യയും" ഉച്ചാരണങ്ങളുമാവണം.

വരമൊഴിയില്‍ അല്ലെങ്കില്‍ കീമാപ്പ് ഉപയോഗിച്ചു ടൈപ്പ് ചെയ്യുമ്പോള്‍ എളുപ്പ പണിയെന്നോണം "യ്‍ക്ക" എന്ന കൂട്ടക്ഷരം ഒഴിവാക്കി "ക്ക" മാത്രം ഉപയോഗിക്കുന്നതിന്റെ ശരിയും തെറ്റും അറിയുവാനായിരുന്നു എന്റെ ഉദ്ദേശം. പലപ്പോഴും ഡി.സി യുടെ പുസ്‍തകങ്ങളില്‍ തന്നെ ഗ്രന്ഥകര്‍ത്താവിനനുസരിച്ച് "യ്‍ക്ക"യും "ക്ക"യും മാറി മാറി ഉപയോഗിച്ചു കാണുന്നു. ഇങ്ങനെയെല്ലാം വന്നുപോയ അവ്യക്തത മാറ്റുന്നതിനായി ഉമേഷിനെ സമീപിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അഭിപ്രായം "ി" ചിഹ്നത്തിനു ശേഷം "യ്‍ക്ക" എന്നു എഴുതേണ്ട ആവശ്യമില്ലെന്നും, പകരം "ക്ക" എന്നു മതിയെന്നുമായിരുന്നു. ഈ ഉപയോഗം തന്നെയാണു് ശരിയായും വ്യക്തതയേറിയതുമായും തോന്നുന്നത്.

 
At 3:51 AM, Blogger gee vee said...

പാണിനീയന്‍ ഇങ്ങനെ പറയുന്നു:
(വര്‍ണ്ണവികാരങ്ങള്‍, സന്ധിപ്രകരണം- ആഗമസന്ധി എന്നീ വിഭാഗങ്ങളീല്‍ നിന്നും)
മലയാളത്തില്‍ അകാരത്തിന്റെ ദുഷിച്ച ധ്വനി എകാരത്തിന്റെ ഒരു ഛായയില്‍ ആണ്‌. ഗന്ധം ഗെന്ധം; ബന്ധു ബെന്ധു; ജനം ജെനം; രവി രെവി; ശരി ശെരി
ഇങ്ങനെ ദുഷിച്ച്‌ എകാരഛായയില്‍ വരുന്ന അകാരത്തിന്‌ താലവ്യാകാരം എന്നു പേര്‍. ശരിയായ അകാരം ശുദ്ധം, ദുഷിച്ചത്‌ താലവ്യം.

താലവ്യമായ അകാരത്തില്‍ അവസാനിക്കുന്ന നാമങ്ങളിലും കൃതികളിലും സ്വരമോ ഇരട്ടിച്ച പ്രത്യയാദ്യകകാരമോ ചേരുമ്പോള്‍ യകാരാഗമം വരും.

രേഖ രേഖയുടെ രേഖയ്ക്ക്‌; ലത ലതയുടെ ലതയ്ക്ക്‌; അണ അണയുക അണയ്ക്കുക

തൃശ്ശൂര്‍ക്കാരുടെ ഉച്ചാരണത്തില്‍ എകാര ധ്വനിയേക്കാള്‍ 'അയ്‌' എന്ന യകാരധ്വനി തന്നെയാണ്‌ അധികം ശ്രവിക്കുന്നത്‌.

പ്രത്യയാദിക്കകാരത്തിന്‍-
മുന്‍പും താലവ്യയാഗമം

ഒരു പ്രത്യയത്തിന്റെ ആദിയിലിരിക്കുന്ന ഇരട്ടിച്ച കകാരത്തിനു മുന്‍പിലുള്ള താലവ്യ സ്വരങ്ങള്‍ക്കു ശേഷവും യകാരം ആഗമമായ്‌ വരും.

ഉദാ: തല+ക്ക്‌ = തലയ്ക്ക്‌; വല+ക്കുന്നു = വലയ്ക്കുന്നു;
തല+ക്കല്‍ = തലയ്ക്കല്‍; ചിരി+ക്കുന്നു = ചിരിയ്ക്കുന്നു; ഹരി+ക്കുന്നു = ഹരിയ്ക്കുന്നു.

പ്രത്യയാദിയല്ലെങ്കില്‍,
ചടി+കടക്കുന്നു = ചാടിക്കടക്കുന്നു; തടി+കഷണം = തടിക്കഷണം; അര+കല്‍ = അരക്കല്‍ (കല്ലിന്റെ
പകുതി)

ഇവയിലെ കകാരം പ്രത്യയാദിയല്ല. മുന്‍പ്‌ നില്‍ക്കുന്നതു താലവ്യമല്ലെങ്കില്‍,
കറു+ക്കുന്നു = കറുക്കുന്നു; വെറു+ക്കുന്നു = വെറുക്കുന്നു

ഇവിടേ മുന്‍സ്വരം ഓഷ്ഠ്യമാകയാല്‍ പ്രത്യയാദിക്കകാരമാണെങ്കിലും യകാരാഗമം ഇല്ല.

 
At 6:02 AM, Blogger SunilKumar Elamkulam Muthukurussi said...

ഓഷ്ഠ്യം എന്നുവച്ചാല്‍ എന്താ? "ഉ"വരുന്നതോ?
നല്ല വിവരണം തന്നെ! നമ്മള്‍ തുടങ്ങിയേടത്തു തന്നെ എത്തി. എനിയ്ക്കു മനസ്സിലായത്‌
എനിയ്ക്ക്‌ - എനിക്ക്‌ രണ്ടും ശരിയാണ്‌
പഠിയ്ക്കുക - പഠിക്കുക ശരിയാണ്‌ പഠിക്ക്യുക-ശരിയല്ല

അതുതന്നെയല്ലേ?
ചിലവാക്കുകള്‍ "യ"കാരം ഉപയോഗിച്ചാല്‍ രണ്ടര്‍ത്ഥം വരുമെന്നതിനാല്‍ ശ്രദ്ധിച്ച്‌ ഉപയോഗിയ്ക്കുക (ഉപയോഗിക്കുക) ഉദാഹരണം: കാണിക്ക - കാണിയ്ക്ക ('കാണിക്ക' വയ്ക്കുക - 'കാണിയ്ക്കുക)
SariyallE?

 
At 8:49 AM, Blogger gee vee said...

പ്രധാനമായും ചുണ്ടുകള്‍ ഉപയോഗിച്ച്‌ ഉച്ചരിക്കുന്ന അക്ഷരങ്ങളെയാണ്‌ ഓഷ്ഠ്യാക്ഷരങ്ങള്‍ എന്ന് വിളിക്കുന്നത്‌.

'ഉ പവര്‍ഗ്ഗ വ ഓഷ്ഠ്ജമാം' എന്നു എ. ആര്‍.

അതായത്‌ ഉ പ ഫ ബ ഭ മ വ അക്ഷരങ്ങള്‍.

 
At 10:35 AM, Blogger ഉമേഷ്::Umesh said...

ജീവി(യ്)ക്കു്,

ഈ വിഷയത്തെപ്പറ്റി ഒരു ലേഖനം എഴുതിവരുകയായിരുന്നു. വിശദമായി എഴുതിയതിനു നന്ദി. കേരളപാണിനിയുടെ വിശദീകരണം പൂര്‍ണ്ണമല്ല. ഉദാഹരണങ്ങളും അപവാദങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടു് ഉടന്‍ തന്നെ ഒരു ലേഖനം പ്രസിദ്ധീകരിക്കാം.

- ഉമേഷ്

 
At 4:59 PM, Blogger സണ്ണി | Sunny said...

about ചുമയ്ക്കുക, ചുമക്കുക, ചൊമയ്ക്കുക, ചൊമക്കുക

 
At 9:48 PM, Blogger സണ്ണി | Sunny said...

ക്രിഷി, കൃഷി, കൃ‍ിഷി ഇതില്‍ ഏതാണ്‌ ശരി?

 
At 12:15 AM, Blogger സു | Su said...

കൃഷി ആണ് എന്റെ ശരി.

 
At 11:58 PM, Blogger SunilKumar Elamkulam Muthukurussi said...

"ഉച്ചാരണ"ത്തെ ഉച്ഛാരണവും ആക്കാം

 
At 12:32 AM, Blogger സു | Su said...

ഈ സ്പൂണ്‍ പറയുന്നതൊക്കെ ശരിയാ. പക്ഷെ എന്താ ചെയ്യാ? പഠിച്ചതൊക്കെ , പറയുന്നതൊക്കെ ഇനി തിരുത്താന്‍ സമയം ഉണ്ടോ? അതുകൊണ്ട് ഇനിയുള്ള, പഠിച്ചു തുടങ്ങുന്ന, ആള്‍ക്കാരെ നമുക്കു നല്ല മലയാളം പഠിപ്പിക്കാം .പോരേ?

 
At 4:48 AM, Blogger viswaprabha വിശ്വപ്രഭ said...

ഈ സ്പൂണിനെ നല്ല കണ്ടുപരിചയം തോന്നുന്നുണ്ടല്ലോ!

പണ്ട് GB യില്‍ വരാറുള്ള സ്പൂണ്‍ തന്നെയാണോ സാറും?

അങ്ങനെയെങ്കില്‍ പെരുത്തു സന്തോഷം!
ഇനി അങ്ങനെയല്ലെങ്കിലും പെരുത്തു പെരുത്തു സന്തോഷം!!!

BTW,
തമിഴില്‍ മൃദുക്കളേ ഇല്ല. പിറപ എന്നെഴുതി പ്രഭ എന്നും പാസ്കരന്‍ എന്നെഴുതി ഭാസ്കരന്‍ എന്നു വായിക്കണം.

കന്നഡയില്‍ ആളുകള്‍ക്ക്‌ ഉച്ചാരണാനുസരണമായി എഴുതുന്നതില്‍(അല്ലെങ്കില്‍ മറിച്ച്) കുറച്ചുകൂടി ആര്‍ജ്ജവം ഉണ്ടെന്നു തോന്നും.
വാക്കില്‍ രണ്ടാമതും ആ അവൃത്തിയില്‍ തുടര്‍ന്നും വരുന്ന അക്ഷരങ്ങള്‍ മിക്കവാറും ( മൂലപദത്തില്‍ നിന്നും വ്യത്യസ്തമായി ഖരത്തിനു പകരം) മൃദുവായി തന്നെ എഴുതുകയും മൊഴിയുകയും ചെയ്യുന്നു.
ഉദാ: മഗന്‍, മൂഗു,

എന്തായാലും ഇതൊക്കെ, വളരെ മുന്നേ (കേരള പാണിനിയുടെ കാലം മുതലേ) മലയാളത്തില്‍ നിലനിന്നു പോന്നിട്ടുള്ള വിഷയമാണ്‌.

"ഒരുവേള പഴക്കമേറിയാല്‍ ഇരുളും വെളിച്ചമായ്‌വരാം" എന്ന കണക്കിനു നോക്കിയാല്‍ ഈ ദുഷിപ്പുകളും കൂടി ( എകാരതാലവ്യങ്ങളും ഖരമൃദുസന്ദേഹവും) ചേര്‍ന്നാണ്‌ ഒരു ഭാഷയെന്ന നിലയില്‍ മലയാളത്തിന്‍റെ സ്വഭാവം (characteristics) നിര്‍ണ്ണയിക്കുന്നത്.

എന്നിരുന്നാലും ഭ ബ ആക്കുന്നതുപോലുള്ള തെറ്റുകള്‍ അക്ഷന്തവ്യം തന്നെയാണ്‌. വെറും ആലസ്യം.അത്ര്യൊക്കെ ബങ്ങി മതീന്നൊരു തോന്നല്‍!
നല്ല അടി കൊടുക്കാത്തതിന്‍റെ കുറവ്‌!

 
At 5:45 AM, Blogger ManojChandran said...

ഇതു പറഞ്ഞപ്പളാ ഒോര്‍ത്തെ, ഞങ്ങളുടെ വീടിന്റെ അടുത്ത്‌ ഒരു nursery ഉണ്ടായിരുന്നു... അവിടെ പഠിപ്പി ക്കാന്‍ വന്നിരുന്ന ഒരു ടീച്ചര്‍ കുട്ടികളെ വ്യഞ്ജനങ്ങള്‍ പഠിപ്പിച്ചിരുന്നത്‌ എങ്ങി നെ ആയിരുന്നെന്നോ.

"കയിക്ക ഗായിക്ക ങ്ങ. ചായിച്ച ജായിച്ച ഞ ടായിട്ട ഡയിട്ട ണ"

ഉച്ചാരണത്തില്‍ മാത്രം കുറ്റം കണ്ടെത്തിയിട്ടു കാര്യമില്ല..

എന്തൊക്കെ ആയാലും പഠിച്ചതല്ലേ പാടൂ....

 
At 8:41 AM, Blogger Cibu C J (സിബു) said...

പോപ്പുലര്‍ അഭിപ്രായത്തില്‍ നിന്നും ഒരല്‍പ്പം വ്യത്യസ്തമാണെന്റെ വിലയിരുത്തല്‍. അതുകൊണ്ട്‌ പണ്ടൊരിക്കെ കമന്റായി ഇട്ടിരുന്നതെടുത്തൊരു ബ്ലോഗ്‌ എന്റ്രി ആക്കി: http://varamozhi.blogspot.com/2005/06/blog-post.html

പിന്നെ ഉച്ചാരണവും എഴുത്തും തമ്മിലുള്ള വ്യത്യാസത്തെ പറ്റി.. എഴുത്തുപോലെയാണ്‌ നമ്മുടെ ഉച്ചാരണമെന്ന്‌ ഒരു ജാഡക്ക് പറയുന്നതല്ലേ (ഏകദേശം അങ്ങനെയാണന്നേ അര്‍ത്ഥമുള്ളൂ). പറയുന്നപോലെ അച്ചട്ടായി പ്രവര്ത്തിച്ചാലെങ്ങനെ മനുഷ്യനാവും? :)

 

Post a Comment

<< Home