Friday, May 13, 2005

മാര്‍ദ്ദവവും ഹാര്‍ദ്ദവവും

മൃദു എന്ന വിശേഷണത്തിന്റെ ഭാവം പ്രകടിപ്പിക്കുന്ന തദ്ധിതത്തെ 'അണ്‌' പ്രത്യയം ചേര്‍ത്തുണ്ടാക്കുന്നതുകൊണ്ടു്‌ (ഇഗന്താച്ച ലഘുപൂര്‍വാത്‌ (അണ്‌) എന്നു പാണിനി (5-1-13).) മാര്‍ദവം എന്ന വാക്കുണ്ടാകുന്നു. ഇവിടെ രണ്ടു കാര്യങ്ങള്‍ സംഭവിക്കുന്നുണ്ടു്‌:

  1. പദാദിയിലുള്ള ''കാരം 'ആര്‍' ആയി മാറും. (പൂര്‍ണ്ണമായി പറഞ്ഞാല്‍ അ, ഇ, ഉ, ഋ, ഌ എന്നിവ യഥാക്രമം ആ, ഐ, ഔ, ആര്‌, ആല്‌ എന്നു മാറും. ഉദാഹരണങ്ങള്‍ : കവി - കാവ്യം, വിധവ - വൈധവ്യം, ഗുരു - ഗൌരവം, ഋജു - ആര്‍ജ്ജവം.) അങ്ങനെ 'മൃ' എന്നതു്‌ 'മാര്‍' ആകുന്നു.
  2. പദാന്ത്യത്തിലുള്ള ''കാരം 'അവം' ആയി മാറും. (മറ്റുദാഹരണങ്ങള്‍ : ലഘു - ലാഘവം, ഗുരു - ഗൌരവം, ഋജു - ആര്‍ജ്ജവം, പടു - പാടവം.). അങ്ങനെ 'ദു' എന്നതു്‌ 'ദവം" ആകുന്നു.
ഇങ്ങനെയാണു 'മൃദു'വില്‍ നിന്നു 'മാര്‍ദവം' ഉണ്ടാകുന്നതു്‌. 'അചോ രഹാഭ്യാം ദ്വേ (യരഃ)' എന്ന പാണിനീയസൂത്രപ്രകാരം (8-4-6) ഇതിനെ ഉച്ചരിക്കുന്നതു്‌ മാര്‍ദ്ദവം എന്നാണു്‌. എഴുതുമ്പോള്‍ സാധാരണയായി സംസ്കൃതത്തില്‍ മാര്‍ദവം എന്നു മലയാളത്തില്‍ മാര്‍ദ്ദവം എന്നും എഴുതുന്നു. രണ്ടും ശരിതന്നെ.

ഇതിനെപ്പിന്തുടര്‍ന്നു്‌ 'ഹാര്‍ദ്ദവം' എന്നൊരു വികലപ്രയോഗം പ്രചാരത്തിലുണ്ടു്‌. (സ്വാഗതപ്രസംഗകരാണു്‌ ഇതിന്റെ മുഖ്യപ്രചാരകര്‍. "ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തുകൊള്ളുന്നു..." എന്നു സ്ഥിരം കേള്‍ക്കാറുണ്ടു്‌.)

'ഹൃദ്‌' എന്നതില്‍ നിന്നു്‌ ഉണ്ടാകുന്ന വാക്കായതിനാല്‍ (സൂക്ഷ്മമായിപ്പറഞ്ഞാല്‍ 'ഹൃദയ'ശബ്ദത്തില്‍ നിന്നാണു്‌ ഇതിന്റെ ഉത്പത്തി. 'അണ്‌' പ്രത്യയം ചേരുമ്പോള്‍ ഹൃദയസ്യ ഹൃല്ലേഖയദണ്‌ ലാസേഷു എന്ന പാണിനീയസൂത്രമനുസരിച്ചു്‌ (6-3-50) 'ഹൃദയ'ശബ്ദം 'ഹൃദ്‌' ആയതാണു്‌.) ഹാര്‍ദ്ദം എന്നേ വരൂ. ഹാര്‍ദവം എന്നു വരണമെങ്കില്‍ ഹൃദു എന്ന വാക്കില്‍ നിന്നുണ്ടാകണം. അങ്ങനെയൊരു വാക്കില്ല.

"ശരിയും തെറ്റും" എന്ന ഈ ബ്ലോഗിന്റെ ആദ്യലേഖനത്തിലെക്കു്‌ എല്ലാവരെയും ഹാര്‍ദ്ദമായി ക്ഷണിക്കുന്നു.

12 Comments:

At 1:34 PM, Blogger viswaprabha വിശ്വപ്രഭ said...

തെറ്റാണെന്നത് ശരിയാണ്‌!

കൊള്ളാം. നടക്കട്ടെ!

 
At 1:44 PM, Blogger .::Anil അനില്‍::. said...

ഹാറ്‍ദ്ദവത്തെ മാര്ദ്ദവമായി തട്ടിയിട്ടുകാണിച്ചുതന്നതിന്‍ നന്ദി.

 
At 1:45 PM, Blogger .::Anil അനില്‍::. said...

#@$ കീമാന്‍ ഈമാന്‍ ശരിക്കും വഴങ്ങുന്നില്ല.

 
At 9:56 PM, Blogger -സു‍-|Sunil said...

ഒരുപാട്‌ പഠിക്കെണ്ടിയിരിക്കുന്നു. ഒന്നാം ക്ലാസ്സില്‍ നിന്നു തുടങ്ങണം. നന്ദി നൂറുവട്ടം ഉമേഷ്‌. പിന്നെ, ഇതിനോട്‌ ബന്ധമില്ലാത്തത്‌: ഇങ്ങനെ ഒരോ കാര്യത്തിനും ബ്ലൊഗ്‌ തുടങ്ങിയാല്‍ ഞങ്ങള്‍ ബുദ്ധിമുട്ടും.

 
At 10:14 PM, Blogger പെരിങ്ങോടന്‍ said...

ഉമേഷ്,
Wordpress ഒന്നു ശ്രമിച്ചു നോക്കൂ. സ്വന്തമായി ഒരു സെര്‍വര്‍ ഉണ്ടെങ്കില്‍ കാര്യങ്ങള്‍ എളുപ്പമായി. പിന്നെ ആവശ്യമായിട്ടുള്ളത് PHP, MySQL, ഒരു സപ്പോര്‍ട്ടിങ് വെബ് സെര്‍വര്‍ (Apache ഉത്തമന്മാരില്‍ അത്യുത്തമന്‍) എന്നിവയാണ്‌. ഉമേഷിനെ സംബന്ധിച്ച് ഈ വക കാര്യങ്ങള്‍ ഒരുക്കുന്നത് ബുദ്ധിമുട്ടാവില്ലെന്ന്‍ കരുതുന്നു. ബ്ലോഗ്ഗറിലെ എല്ലാ ബ്ലോഗുകളും import ചെയ്യുവാനും വകുപ്പുണ്ടെന്നാണ്‌ കേള്‍വി.

 
At 11:50 PM, Blogger ഉമേഷ്::Umesh said...

സുനിലിനു്‌:

എത്ര ബ്ലോഗു തുടങ്ങിയാലും ഓരോ പോസ്റ്റിന്റെയും വിവരം മനോജിന്റെ ചുരുളിലുള്ള index പേജില്‍ കൊടുത്താല്‍ പോരേ? അപ്പോള്‍ ഒരു പ്രത്യേക ബ്ലോഗു താത്പര്യമില്ലാത്തവര്‍ക്കു്‌ (എന്റെ പരിഭാഷാബ്ലോഗു പോലെ - അവിടെ വലിയ കാല്‍പ്പെരുമാറ്റം കേള്‍ക്കുന്നില്ല.) അതിനെ ഒഴിവാക്കാമല്ലോ.

പെരിങ്ങോടനു്‌:
Apacheയും PHPയും MySQL-ഉം കൂടാതെ Perl ഉപയോഗിച്ചുള്ള CGI-യും Java-യും ഒക്കെ ഒരുപാടു ചെയ്തുനോക്കിയിട്ടുള്ളതാണു്‌. സമയമുണ്ടായിരുന്ന കാലത്തു്‌. വീട്ടിലാണെങ്കില്‍ ഇമ്മാതിരി സാധനങ്ങളും 24 മണിക്കൂറും internet-ഉം ഉള്ള ഒരു Linux machine-ഉം ഉണ്ടു്‌. സമയപരിമിതി മൂലമാണു്‌ ഇതൊന്നും തുടങ്ങാത്തതു്‌.

മൂന്നാലു കൊല്ലമായി internet-ല്‍ ഒരു പരിപാടിയും ചെയ്യാതിരിക്കുകയായിരുന്നു. ബ്ലോഗിംഗ്‌ വളരെ എളുപ്പമായതുകൊണ്ടു തുടങ്ങിയെന്നു മാത്രം. പത്തുനാല്‍പതു വയസ്സായി കുഞ്ഞുകുട്ടിപരാധീനങ്ങളൊക്കെ ആകുമ്പോള്‍ തനിക്കും മനസ്സിലായിക്കൊള്ളും.

- ഉമേഷ്‌

 
At 1:40 AM, Blogger പെരിങ്ങോടന്‍ said...

കുഞ്ഞുകുട്ടി പരാധീനങ്ങളുണ്ടായിട്ടും വയസ്സു നാല്പതു കഴിഞ്ഞിട്ടും ഞങ്ങള്‍ ചെറുപ്പക്കാരെയൊക്കെ അതിശയിപ്പിക്കുന്ന ചുറുചുറുക്കോടെ ബ്ലോഗ് ചെയ്യുന്ന താങ്കളും വിശ്വവുമെല്ലാം നടന്നു കാണിക്കുന്ന വഴികളുണ്ടല്ലോ... ആ വഴിയേ ഞാനും നടക്കുവാന്‍ ശ്രമിക്കാം.

പരിഭാഷകള്‍ ആരും വായിക്കുന്നില്ലെന്ന പരിഭവം വേണ്ട: പരിഭാഷകള്‍ ബ്ലോഗില്‍ നിന്നു‍ വായിച്ച "ഹൃദയത്തെ സ്പര്‍ശിച്ച ഒരു പുല്ലാങ്കുഴല്‍ നാദത്തിനു" തര്‍ജ്ജമയെഴുതുവാന്‍ ഞാന്‍ ശ്രമിച്ചിരുന്നു - വൃത്തവും വ്യാകരണവുമൊന്നും അറിയില്ലെങ്കിലും അറിയാവുന്ന വാക്കുകള്‍ കൊണ്ടൊരു ശ്രമം; പരാജയമായെന്ന്‍ പ്രത്യേകം പറയേണ്ടതില്ലല്ലോ!

 
At 4:51 PM, Blogger സിബു::cibu said...

ഉമേഷേ ഒരു സംശയം..

സംസ്കൃതത്തിലെ 'ഹൃദ്‌' മലയാളത്തില്‍ സംവൃതോകാരത്തോടെയല്ലേ ഉച്ചരിക്കേണ്ടത്‌? അങ്ങനെ പകുതി 'ഉ'കാരമുണ്ടെങ്കില്‍ 'ഹാര്‍ദ്ദവം' ഒരു പകുതി ശരിയുമല്ലേ.. :)


ഇനി ഈ 'ശരി തെറ്റു'കളോട്‌ എന്റെ മനോഭാവം കൂടി പറയട്ടേ:


സംസ്കൃതത്തില്‍ നിന്നും വ്യത്യസ്തമായി മലയാളമെന്നത്‌ ഒരിക്കലും മാറ്റമില്ലാത്തൊരു പുരാതനസംഹിതയല്ല; ജീവിക്കുന്നൊരു ഭാഷയാണത്‌ - കേരളീയര്‍ സംസാരിക്കുന്ന ഭാഷയാണ്‌ മലയാളം എന്നെനിക്കിഷ്ടമായ നിര്‍വചനം. ഇന്നത്തെ ഭാഷയുടെ വിവിധയിനം abstractions-ഉം അവയുടെ exceptions-ഉം വേര്‍തിരിച്ചെടുക്കുകയാണൊരു വൈയ്യാകരണധര്‍മം; പഴയ ശീലങ്ങള്‍ തുടര്‍ന്നും നിര്‍ബന്ധിക്കുന്ന പോലീസുപണിയല്ല.


ഇത്തരം ചിന്തകള്‍ക്ക്‌ വളരെ വലിയൊരു research value ഉണ്ടെന്നത്‌ ഞാന്‍ വിസ്മരിക്കുന്നില്ല - പക്ഷെ, അത്രയേ ഉണ്ടാവാവൂ. 'അംബ' 'അമ്മ'യായപ്പോഴും അന്നത്തെ പണ്ഡിതര്‍, 'ദുഷിപ്പ്‌' 'ദുഷിപ്പ്‌' എന്നുമുറുമുറിത്തിരിക്കണം. എങ്കിലും, ശേഷം ചിന്ത്യം :)

 
At 11:33 PM, Blogger ഉമേഷ്::Umesh said...

സിബുവിനു്‌:
'ഹൃദ്‌' എന്നതില്‍ സംവൃതോകാരമില്ല. ഉണ്ടെങ്കില്‍ ഞാന്‍ 'ഹൃദു്‌' എന്നെഴുതിയേനേ.

ശേഷം ചിന്ത്യം തന്നെ. എല്ലാ തെറ്റുകളെയും നമുക്കു ഭാഷയുടെ വളര്‍ച്ചയെന്നു വിളിക്കാം, അല്ലേ?

"എന്തിനാ ബ്ലഡ്‌പ്ലഷര്‍ കൂട്ടുന്നതു്‌? ആസയസംഭാദനമല്ലേ ബാശയുടെ ലഷ്യം ?"

 
At 7:00 AM, Blogger -സു‍-|Sunil said...

Umesh,
Many days I was thinking about these "paribhashaakaaran"maar. Old veterans like MN Sathyaarthhi, Madhavan Pillai, Leelaa Sarkaar and then ofcourse you. As usual, I started thinking about them after reading your blogs and then tried to collect some articles. Very limited resources and my "uncooked" mental state, made all efforts a waste. (Still I am working on it)By the way you know about something about them? M N Sathyarthhi died after a long single life in some hills of Calicut. that is all for now. (A.R, Maaraar ennivare maRanniTTillia)
-S-

 
At 2:28 PM, Blogger Chackochen said...

Alankarangale kkurichu onnu vishadamayi paranjutharamo.
http://sahithyam.cjb.net/

 
At 9:03 AM, Blogger zubair said...

Unlike others, ur brain has two halves;right and left.
the left lobe has got nothing rightin it and the right lobe has got nothing left in it.

 

Post a Comment

Links to this post:

Create a Link

<< Home