മലയാളഭാഷയുടെ പല ലിപിപരിഷ്കരണങ്ങള്‍ക്കിടയില്‍പ്പെട്ടു
കുഴഞ്ഞുമറിഞ്ഞ ഒരു പ്രശ്നത്തെപ്പറ്റിയാണു് ഈ ലേഖനം.
സംവൃതോകാരം: ചരിത്രവും ഉപയോഗവും
പഴയ മലയാളത്തില്‍ തമിഴിന്റെ രീതിയില്‍ സംവൃതോകാരത്തെ വിവൃതമായി എഴുതിയിരുന്നു -
എന്തു,
പണ്ടു എന്നിങ്ങനെ. തമിഴിന്റെ പിടിയില്‍ നിന്നു മോചിതമായി ആര്യഎഴുത്തു തുടങ്ങിയപ്പോള്‍ സംവൃതോകാരത്തിനു പകരം അകാരം ഉപയോഗിക്കുവാന്‍ തുടങ്ങി -
എന്ത,
പണ്ട എന്നിങ്ങനെ. അച്ചടി തുടങ്ങിയ കാലത്താണു് സംവൃതോകാരത്തിനെ സൂചിപ്പിക്കാന്‍ ചന്ദ്രക്കല ഉപയോഗിച്ചുതുടങ്ങിയതു്. അപ്പോഴും രണ്ടു രീതികള്‍ ഉണ്ടായിരുന്നു.
- വ്യഞ്ജനത്തിനു ശേഷം ചന്ദ്രക്കല മാത്രമിടുക - എന്ത്, പണ്ട് എന്നിങ്ങനെ.
- വ്യഞ്ജനത്തിനു ശേഷം ഉകാരവും ചന്ദ്രക്കലയും ചേര്‍ക്കുക - എന്തു്, പണ്ടു് എന്നിങ്ങനെ.
ആദ്യത്തെ രീതി പൊതുവേ വടക്കന്‍ കേരളത്തിലും, രണ്ടാമത്തേതു് തെക്കന്‍ കേരളത്തിലുമായിരുന്നു കൂടുതല്‍ ഉപയോഗിച്ചിരുന്നതു്.
ആ കാലത്തു് കൂട്ടക്ഷരങ്ങളെ വേര്‍തിരിച്ചെഴുതുന്ന സമ്പ്രദായം
വന്നിരുന്നില്ല. അക്ഷരങ്ങള്‍ ചേര്‍ത്തോ ഒന്നിനു താഴെ
മറ്റൊന്നെഴുതിയോ കൂട്ടക്ഷരങ്ങളെ സൂചിപ്പിച്ചിരുന്നു. മിക്കവാറും
എല്ലാ വ്യഞ്ജനങ്ങളോടും ചേരുന്ന യ, ല, വ എന്നീ അക്ഷരങ്ങള്‍ക്കു്
പ്രത്യേകം ചിഹ്നങ്ങളും ഉണ്ടായിരുന്നു. രേഫത്തിനെ ("ര" എന്ന
അക്ഷരം) സൂചിപ്പിക്കാന്‍ അക്ഷരത്തിന്റെ താഴെക്കൂടി ചുറ്റിക്കെട്ടി
വളച്ചിടുന്ന രീതിയും ഉണ്ടായിരുന്നു. പദാന്ത്യത്തില്‍ വരുന്ന
അര്‍ദ്ധാക്ഷരങ്ങളെ സൂചിപ്പിക്കാന്‍ അതാതു് അക്ഷരങ്ങളുടെ
മേല്‍പ്പോട്ടു് ഒരു വരയിട്ടു കാണിച്ചിരുന്നു. (ല്, ള് എന്നിവ ത്, ട്
എന്നിവയെ സൂചിപ്പിക്കുന്ന ല്‍, ള്‍ എന്നിവയായതു മറ്റൊരു കഥയാണു്.
അതു മറ്റൊരു ലേഖനത്തില്‍ പ്രതിപാദിക്കാം.). സംസ്കൃതത്തില്‍ നിന്നു
കടം വാങ്ങിയ അനുസ്വാരത്തെ (ം) മകാരത്തിന്റെ ചില്ലിനു പകരം
ഉപയോഗിച്ചുപോന്നു.
അച്ചടി കൂടുതല്‍ പ്രാബല്യത്തില്‍ വന്നതോടുകൂടി എല്ലാ കൂട്ടക്ഷരങ്ങളെയും സൂചിപ്പിക്കുന്ന
അച്ചുകള്‍ ഉണ്ടാക്കുന്നതു ദുഷ്കരമായപ്പോള്‍ കൂട്ടക്ഷരങ്ങളെ
വേര്‍തിരിച്ചെഴുതാന്‍ ചന്ദ്രക്കല ഉപയോഗിക്കുന്ന സമ്പ്രദായം വന്നു.
അര്‍ദ്ധാക്ഷരങ്ങളില്‍ ന്‍, ണ്‍, ല്‍, ള്‍, ര്‍ എന്നിവയെ മാത്രം ചില്ലുകള്‍ എന്ന
പേരില്‍ നിലനിര്‍ത്തി. ബാക്കി എല്ലാറ്റിനെയും ചന്ദ്രക്കലയിട്ടു
സൂചിപ്പിക്കാന്‍ തുടങ്ങി. (ചില മുദ്രാലയങ്ങള്‍ ക് (ക്‍), യ് എന്നിവയെയും
ചില്ലക്ഷരങ്ങള്‍ കൊണ്ടു കാണിക്കാറുണ്ടായിരുന്നു. കൈയെഴുത്തില്‍
ഇവയെയും ചില്ലുകളായി എഴുതിയിരുന്നു.)
കൂട്ടക്ഷരങ്ങളെ വേര്‍തിരിക്കാന്‍ ചന്ദ്രക്കല ഉപയോഗിച്ചതു അവയെ
സംവൃതോകാരത്തില്‍ നിന്നു വ്യവച്ഛേദിക്കുവാന്‍ ബുദ്ധിമുട്ടുണ്ടാക്കി.
അതിനു വേണ്ടി അച്ചടി തുടങ്ങിവച്ച ക്രിസ്ത്യന്‍ പാതിരിമാര്‍
സംവൃതോകാരത്തിനെ വിവൃതോകാരമായി എഴുതാന്‍ തുടങ്ങി.
അങ്ങനെയാണു മലയാളം ബൈബിളില്‍ "എനിക്കും നിനക്കും എന്തു?" എന്നും
മറ്റുമുള്ള പ്രയോഗങ്ങള്‍ ഉള്ളതു്. വിവൃതോകാരമായി എഴുതി
സംവൃതോകാരമായി വായിക്കേണ്ടവയായിരുന്നു ഇവ. തമിഴിലും തെലുങ്കിലും പഴയ മലയാളത്തിലും ഇങ്ങനെയാണു് എഴുതുന്നതു് എന്ന അറിവില്‍ നിന്നായിരുന്നു ഈ രീതി. (പാതിരിമാര്‍ പല ഭാരതീയഭാഷകളിലും നിഷ്ണാതരായിരുന്നു.) പക്ഷേ, ഇതിനെ
ഉത്തരകേരളത്തിലുള്ളവര്‍ പരിഹാസത്തോടെ കാണുകയും ഇങ്ങനെയുള്ള
ഉപയോഗത്തെ "പാതിരിമലയാളം" എന്നു വിളിച്ചു പരിഹസിക്കുകയും
ചെയ്തു.
പിന്നീടു്, എ. ആര്‍. രാജരാജവര്‍മ്മ തുടങ്ങിയ
ഭാഷാശാസ്ത്രജ്ഞര്‍ സംവൃതോകാരത്തെ ഉകാരത്തിനു ശേഷം
ചന്ദ്രക്കലയിട്ടു് എഴുതുന്ന രീതി പ്രാവര്‍ത്തികമാക്കി ഈ പ്രശ്നം പരിഹരിച്ചു. അങ്ങനെ "വാക്കു്",
"പണ്ടു്" തുടങ്ങിയ രീതി നിലവില്‍ വന്നു. പക്ഷേ
ഉത്തരകേരളത്തിലെ പലരും ഇതിനെ പിന്നെയും "പാതിരിമലയാളം"
എന്നു മുദ്രകുത്തി "വാക്ക്", "പണ്ട്" എന്നിങ്ങനെ എഴുതിപ്പോന്നു. ഉകാരത്തിനു ശേഷം ചന്ദ്രക്കലയിടുന്നതു് അഭംഗിയാണെന്നായിരുന്നു അവരുടെ വാദം.
ഏറ്റവും വലിയ അപകടം സംഭവിച്ചതു് 1970-കളില്‍ പുതിയ ലിപി
ആവിഷ്കരിച്ചപ്പോഴാണു്. അച്ചടിയില്‍ അച്ചുകളുടെയും, ടൈപ്‌റൈറ്റര്‍
കീകളുടെയും എണ്ണം കുറയ്ക്കുന്ന പുതിയ ലിപി ഒരു മഹത്തായ
പരിഷ്കാരം തന്നെയായിരുന്നു. പക്ഷേ, സംവൃതോകാരത്തിന്റെ
കാര്യത്തില്‍ ഒരു വലിയ അബദ്ധമാണു് അവര്‍ ചെയ്ത്തതു്.
സംവൃതോകാരത്തിനു് ഉത്തരകേരളരീതിയില്‍ വെറും ചന്ദ്രക്കല
മാത്രം മതി എന്നു് തീരുമാനിച്ചു. ("ഉ"കാരത്തിന്റെ
ചിഹ്നത്തിനു ശേഷം ചന്ദ്രക്കലയിടുന്നതു് അഭംഗിയാണെന്നുള്ള ഒരു വാദം ഇവിടെയും ഉണ്ടായിരുന്നു. അതില്‍ വലിയ കഴമ്പില്ല. പുതിയ ലിപി തന്നെ ആദ്യത്തില്‍
ആളുകള്‍ക്കു് അഭംഗിയായി തോന്നിയിരുന്നു. അഭംഗിയാണെങ്കില്‍
സംവൃതോകാരത്തിനു പ്രത്യേകമായി ഒരു ചിഹ്നം
ഉണ്ടാക്കാമായിരുന്നു.)
ഈ രീതി വന്നതോടുകൂടി സംവൃതോകാരവും അര്‍ദ്ധാക്ഷരങ്ങളും
തിരിച്ചറിയാന്‍ വഴിയില്ലാതെയായി.
പക്‌ഷിക്കേറ്റം ബലം തന്‍ ചിറക്, വലിയതാം മസ്‌തകം ഹസ്‌തികള്‍ക്കീ
മട്ടില്‍...
എന്നുള്ള പദ്യഭാഗത്തിലെ ആദ്യത്തെ "ക്" അര്‍ദ്ധാക്ഷരവും,
രണ്ടാമത്തെ "ക്" "ക"യ്ക്കു ശേഷം സംവൃതോകാരവുമാണെന്നു
തിരിച്ചറിയാന്‍ കഴിയാതെയായി.
ഇതു ഭാഷാപഠനത്തെ
വലുതായി ബാധിച്ചിട്ടുണ്ടു്. വൃത്തം നിര്‍ണ്ണയിക്കുക തുടങ്ങിയ
കാര്യങ്ങളില്‍ അര്‍ദ്ധാക്ഷരം മുമ്പിലുള്ള അക്ഷരത്തിന്റെ ഭാഗവും
സംവൃതോകാരം ഒരു പൂര്‍ണ്ണാക്ഷരവുമാണെന്നുള്ള വ്യത്യാസം പല
അദ്ധ്യാപകര്‍ക്കു പോലും അറിയില്ലായിരുന്നു.
ഈ അബദ്ധം പല പണ്ഡിതരും
പിന്നീടു ചൂണ്ടിക്കാട്ടിയെങ്കിലും അതു തിരുത്താന്‍ അധികൃതര്‍
തയ്യാറായില്ല.
നമുക്കു ചെയ്യാവുന്നതു്:
ഇന്നു്, ഇന്റര്‍നെറ്റും യൂണിക്കോഡും രംഗത്തെത്തിയതോടുകൂടി ചെയ്ത
തെറ്റുകള്‍ തിരുത്തുവാന്‍ ഒരു നല്ല അവസരമാണു വന്നിരിക്കുന്നതു്.
വളരെയധികം കൂട്ടക്ഷരങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടില്ലാതെ
ഉണ്ടാക്കിയെടുക്കാമെന്നതു് ഒരു ഗുണം. യൂണിക്കോഡ് ഫോണ്ട്
നിര്‍മ്മിക്കുന്നവര്‍ക്കു് പഴയ ലിപി ഉപയോഗിച്ചു് സംവൃതോകാരം
കാണിക്കാം എന്നതു് മറ്റൊരു ഗുണം. യൂണിക്കോഡ് ഉപയോഗിക്കുമ്പോഴെങ്കിലും
തെറ്റുകള്‍ തിരുത്തി മുന്നോട്ടു പോകണമെന്നാണു് എന്റെ അഭിപ്രായം.
എന്റെ അഭിപ്രായങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം:
- കൂട്ടക്ഷരങ്ങളെ ചന്ദ്രക്കല കൂടാതെ ചേര്‍ത്തെഴുതുക.
എവിടെ കൂട്ടിയെഴുതണം, എവിടെ ചന്ദ്രക്കലയിടണം എന്ന ചുമതല
ഫോണ്ടുണ്ടാക്കുന്നവര്‍ക്കു വിട്ടുകൊടുക്കുക.
- ഇങ്ങനെ എഴുതുന്നതു് ചില അക്ഷരങ്ങള്‍ക്കു് അഭംഗിയായി
തോന്നിയാല്‍ മാത്രം (ഫോണ്ടുണ്ടാക്കുന്നവരുടെ ശ്രദ്ധയില്‍
പെടുത്തിയതിനു ശേഷം) ചന്ദ്രക്കല ഉപയോഗിച്ചു്
വേര്‍തിരിക്കുക.
ഉദാഹരണത്തിനു്, "നെയ്വിളക്കു്" (neyviLakku~) എന്നതു് അഭംഗിയായി
തോന്നിയാല്‍ "നെയ്‌വിളക്കു്" (ney_viLakku~) എന്നെഴുതാനുള്ള രീതി ഉപയോഗിക്കാം.
- സംവൃതോകാരത്തിനു് "ഉ"കാരത്തിനു ശേഷം ചന്ദ്രക്കല എന്ന
രീതി സ്വീകരിക്കുക. പുതിയ ലിപിയിലുള്ള യൂണിക്കോഡ് ഫോണ്ടു്
ആണെങ്കില്‍പ്പോലും, ഇങ്ങനെ തന്നെ എഴുതുക.
- ചില്ലുകളെഴുതുന്നതിനെപ്പറ്റി ഇപ്പോഴത്തെ യൂണിക്കോഡ്
സ്റ്റന്‍ഡേര്‍ഡിനെപ്പറ്റി അല്‍പം കൂടി പഠിക്കേണ്ടിയിരിക്കുന്നു. മറ്റൊരു
ലേഖനത്തിലെഴുതാം.